22.5.07




[കൃഷികളില്‍ രസകരവും ഒരു ഉത്സവ പ്രതീതി ഉളവാക്കുന്നതുമായ ഒന്നാണു നെല്‍കൃഷി. വെറും നെല്‍പ്പാടം മുതല്‍ കൃഷിയുടെ ഓരോ ഘട്ടങ്ങളും, വിത ഞാറുനടീല്‍, കളപറിക്കല്‍, കൊയ്ത്ത്‌,എന്തിനേറെ കൊയ്ത്തു കഴിഞ്ഞപാടം,പോലുംകൃഷിയേയും പ്രകൃതിയേയും സ്നേഹിക്കുന്ന ഏതൊരു വ്യക്തിക്കും ആനന്ദകരമായൊരനുഭവം തന്നെ യായിരിക്കും പ്രദാനം ചെയ്യുക . എന്നേ വളരെയധികം സ്വാധീനിച്ചിട്ടുള്ളതാണു നെല്‍പ്പാടം.
കൃഷിയിറക്കുമ്പോഴും കൊയ്ത്തിന്റെ സമയത്തും ഉള്ള സാന്നിധ്യം ചേറിന്റെ മണവും ശ്വസിച്ച്‌,കൊക്കുകളേയും പ്രാക്കളേയും കണ്ട്‌ പാടവരമ്പത്തുകൂടിയുള്ളനടത്തം,ഇവയൊക്കെ പ്രകൃതിയോടു തദാമ്മ്യം പ്രാപിക്കുന്ന ഒന്നല്ലേ. ഞാറും കളയും പറിക്കുന്ന സമയം കേരളത്തില്‍ മണ്‍സൂണ്‍ സീസണയിരിക്കും. കോരിച്ചൊരിയുന്ന മഴയത്ത്‌ പെണ്ണുങ്ങള്‍ 'ചുടുപാള' ഇട്ട്‌ നനയാതെ കളപറിക്കുമ്പോള്‍, അതിലേറെ രസം പാടം മുഴുവന്‍ കുനിഞ്ഞുനില്‍ക്കുന്ന ചുടുപാളകള്‍ തന്നേ, കൊയ്ത്ത്‌ കഴിഞ്ഞാല്‍ കാവല്‍ കിടക്കാന്‍ 'മൂടകള്‍'കെട്ടണം.കൃഷി കൂടുതലുള്ളവരും കുറച്ചുള്ളവരും,ഒരാഴ്ച്‌ തങ്ങളുടെ നെല്ലും കച്ചിയും സംരക്ഷിക്കുവാന്‍ എന്തു ജാഗരൂഗതയാണു കാട്ടുന്നത്‌. മകരമാസത്തിലെ മരം കോച്ചുന്ന തണുപ്പിലും കമ്പിളിയും പുതച്ചു മൂടയ്ക്കു കിടക്കുക. ശബരിമല സീസണും കൂടിയാകുമ്പോള്‍. പല ദിക്കുകളില്‍ നിന്നും ഭജനയും പാട്ടുകളും കേള്‍ക്കാം. കാലം ഇന്നു മാറിക്കഴിഞ്ഞപ്പോള്‍ കൃഷിചെയ്യാനും ചെയ്യിക്കാനും ആളില്ല, പഴയ തലമുറയിലേ ആള്‍ക്കാര്‍ ചേറ്റിലും വെയിലിലും കഷ്ടപ്പെട്ടപ്പോള്‍ പുതിയതലമുറയ്ക്കു അതിന്റെ ആവശ്യമില്ല അവരുടെ ജീവിതത്തിന്റെ ധ്രുവം തന്നേ മാറിപ്പോയ്‌, കാലം മാറ്റിയതാവാം. ഉയര്‍ന്നകൂലിചെലവ്‌ മറ്റൊന്നു. എന്തായലും ഇന്നാരും മൂടകള്‍ കെട്ടാറില്ല( കുട്ടനാട്‌, പാലക്കാട്‌ തുടങ്ങിയ പ്രദേശങ്ങളില്‍ കുറെയൊക്കെ ഉണ്ടാകാം)കാര്‍ഷീകകേരളത്തിന്റേതായ പല കാഴ്ചകളും ഇന്ന് അന്യമായിരിക്കുന്നു. എനിക്കു പാടങ്ങളോടുള്ള അടുപ്പം കേവലം കൃഷിസംബന്ധിച്ചുമാത്രമല്ല, അതിലുപരി,സ്കൂളില്‍ പോകുന്ന കാലത്ത്‌ ഞങ്ങളുടെ വഴികളെല്ലാം പാടങ്ങളും തോടുകളും സമീപങ്ങളായുള്ളതായിരിക്കും ഇതു കായലോരമൊന്നുമല്ല, പത്തനംതിട്ട ജില്ലയുടെ ഒരുഭാഗം മാത്രം.കൊച്ചുതോടുകളിലെ കളകളാരവം പാടിയൊഴുകുന്ന വെള്ളത്തിന്റെ സഗീതവും കേട്ട്‌ കുഞ്ഞു മല്‍സ്യങ്ങളോടു കിന്നാരം പറഞ്ഞും കൊണ്ടായിരിക്കും എന്നും ഞങ്ങളുടെ സ്കൂള്‍ യാത്ര.......ഞങ്ങളുടെ വഴികളിലെല്ലാം നെല്‍പാടം... ]


പുത്തരിപ്പാടം

ഞ്ഞക്കതിര്‍ക്കുല മെത്തവിരിച്ചൊരു
തെക്കെ ഏലായിലെ പുത്തരിപ്പാടം
പൊന്നില്‍ പൊതിഞ്ഞുള്ള നെല്‍ക്കുലകള്‍
മഞ്ഞക്കതിരിട്ട വര്‍ണ്ണമേളം
മന്ദമായ്‌ വീശുന്ന മാരുതനില്‍
തുള്ളിയാടീടും കതിര്‍ക്കുലകള്‍
ഈ പുത്തരിപ്പാടവരമ്പിലൂടെത്രയോ
വിതയിനും കൊയ്ത്തിനുമോടിയിട്ടുണ്ട്‌
ഒട്ടു ചെറിയൊരു പ്രായം മുതല്‍ക്കായ്‌
എത്രയോ വര്‍ഷമായ്‌ ഓര്‍മ്മകളായ്‌
ശബ്ദം മുഴക്കി കിളികളെ പായിക്കാന്‍
കൈ വെള്ള കൂട്ടിയടിച്ചങ്ങു പൊട്ടിക്കും.
കുരുവിയും പേരയും പ്രാക്കളുമായ്‌
പക്ഷികളുമുണ്ട്‌ പലപക്ഷക്കാരയ്‌
വിതയ്ക്കുന്നകാലത്തെ നെല്ലു കൊത്താന്‍
കുരുവിയും തത്തയുമെത്തീടില്ല
നട്ടുച്ചനേരത്തും പ്രാവു വീഴും
വീണാലോ ആദേശം കാലിയാക്കും
കതിരൊട്ടുപാല്‍ പരുവമെത്തീടുമ്പോല്‍
തത്തയുമേറ്റീടുമാധിപത്യം
ലേശം വിളഞ്ഞു വരുമ്പോഴേക്കും
കുരുവിയും വാഴുമാപാടമെല്ലാം
നേരമൊരുനാലുമണിയാകുമ്പോള്‍
കോലാഹലം കൂട്ടി കിളികളെല്ലാം
വയലോടുവയലോടിയന്നം നിറയ്ക്കും.
കൊയ്തും മെതിച്ചും കറ്റയടിച്ചും
രാവേറെയാകും മണി പതിനൊന്നുമാകും
അളന്നും കൂട്ടിയും കിട്ടിയ നെല്ലുമായ്‌
ഗോപാലന്‍ തങ്കപ്പന്‍ കൊച്ചുപെണ്ണും
എല്ലാരും നെല്ലുമായ്‌ വീടുപറ്റും.
നെല്ലുണക്കേണം കാവല്‍ കിടക്കേണം
കച്ചിവലിച്ചുവിതിര്‍ത്തു നിരത്തേണം
രാത്രി കിടക്കുവാന്‍ മൂടയും കേട്ടണം
മൂടകളൊക്കെനിറഞ്ഞൊരുപാടം
നല്ലൊരു വിസ്മയ ദൃശ്യമല്ലൊ.

** ** **
നട്ടെല്ലു കോച്ചുന്ന മകരത്തിന്‍ മരവിപ്പില്‍
പനിമഞ്ഞു കിനിയുന്നരാക്കാലവും
മൂടിപ്പുതച്ചങ്ങ്‌ മൂടയ്ക്കകത്തായ്‌ നേരം
പുലരുവാന്‍ പ്രാര്‍ത്ഥിച്ചുപോകും
** ** **
സര്‍വചരാചരമാലസ്യമാണ്ടുള്ള
ഗാഢനിദ്രയെപുല്‍കീടുമ്പോഴും
രാവിന്റെ സ്വച്ഛ്മമാം വിണ്‍കളിമുറ്റത്ത്‌
പുഞ്ചിരി പൂമഴ തൂകി കളിച്ചും
കണ്ണുകള്‍ചിമ്മി തുറന്നുമടച്ചും
മുറ്റും വിരാജിക്കും നക്ഷത്ര പൈതങ്ങള്‍
** ** **
കിഴക്കേവതായനത്തില്‍ വെള്ളകീറി
കതിരവന്‍ പൊന്നിന്‍ ഒളിപരത്തി
പണിക്കാരുമുശിരോടു വൈക്കോല്‍ നിരത്തി
വയലിന്റെ മേളവും അരിവാളിന്റോച്ചയും
ഈണമായ്‌ താളത്തില്‍ കേട്ടുതുടങ്ങി.

ജിജി 2003ജൂലൈ21 തിങ്കള്‍

No comments: